ഭാര്യയോട് വഴക്കിട്ട് രണ്ട് വയസുകാരനെ പിതാവ് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു
ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് രണ്ടു വയസുകാരനെ പിതാവ് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പിന്നലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 30 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ഗുരുതരാവസ്ഥയിലാണ്.
ഡല്‍ഹി സ്വദേശി മൻ സിംഗാണ് ഭാര്യയുടെ മുത്തശ്ശിയുടെ വീടിന്റെ ടെറസിൽ നിന്ന് കുട്ടിയെ വലിച്ചെറിഞ്ഞത്. തൊട്ടുപിന്നലെ ഇയാൾ മൂന്നാം നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നു. കുട്ടിയെ ഉടൻ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച മൻ സിംഗിനെ എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി.
ഭർത്താവുമായി കലഹിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് കുട്ടികൾക്കൊപ്പം മുത്തശ്ശിക്കൊപ്പമാണ് താൻ താമസിച്ചിരുന്നതെന്ന് സിംഗിന്റെ ഭാര്യ പൂജ പറഞ്ഞു. ‘വെള്ളിയാഴ്ച വൈകീട്ട് മുത്തശ്ശിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ ഭർത്താവ് താനുമായി വഴക്കുണ്ടാക്കി. പെട്ടെന്ന് മകനെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി താഴേക്ക് എറിഞ്ഞു. ശേഷം സിംഗും മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി.’- പൂജ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.