Tuesday, January 7, 2025
Kerala

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്കരിക്കണം: ഹൈക്കോടതി

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. എരുമേലി കണ്ണിമലയിലെ അപകടത്തിൽ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയം ബുധനാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി .

കെഎസ്ആർടിസി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്റ്റർക്ക് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി, കെഎസ്ആർടിസി ഓഫിസർ, സ്പെഷ്യൽ കമ്മിഷണർ എന്നിവരോട് കൂടിയാലോചന നടത്തിയാണ് നടപടി സ്വീകരിക്കേണ്ടത്.

ഇന്നലെ എരുമേലി-പൂഞ്ഞാർ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പത്തു വയസുകാരി മരിച്ചിരുന്നു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഹൈകോടതി ഇടപെടൽ. ചെന്നൈ താംബരം സ്വദേശി രാമുവിന്‍റെ മകള്‍ സംഘമിത്രയാണ് മരിച്ചത്.

തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് പോയ മിനിവാനാണ് കണ്ണിമല മഠംപടിയിലെ വളവിൽ നിയന്ത്രണംതെറ്റി 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സംഘമിത്രയെ ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രാമു (42), കുഴലി (നാല്), മോഷപ്രിയ (ഒമ്പത്), രാജേഷ് (34), മണിവർണൻ (34), ശിവരാമൻ (44), നന്ദകുമാർ (23), പ്രജിൻ (12), ഹാരീഷ് (14), മുത്തുമാണിക്യം (43), മർഷിണി (10), ഹരിഹരൻ (36), കാർത്തികേയൻ (34), ദിയാനദി (നാല്), പ്രവീൺ (34), പ്രഭാകർ (19), ഡ്രൈവർ എം. മോഹൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരിക്കേറ്റ ഒമ്പതുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

വെള്ളിയാഴ്ച വൈകീട്ട്​ 3.15ഓടെയാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് എരുമേലിയിലേക്ക് വരുകയായിരുന്ന തീർഥാടക വാഹനം കണ്ണിമലയിലെ ഇറക്കത്തിലെ വളവിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ക്രാഷ് ബാരിയർ തകർത്താണ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ 21 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *