Thursday, January 9, 2025
National

മോദിക്കെതിരായ കശാപ്പുകാരൻ പരാമ‌ർശം; പാക് വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന്

ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നേതാക്കളെ പങ്കെടുപ്പിച്ച് കോലങ്ങൾ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.

പാക്കിസ്ഥാന്റെ തകർച്ചയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബിലാവൽ ഭൂട്ടോയുടെ ശ്രമമെന്നും, അവിടുത്തെ നേതാക്കൾ മാനസികമായി പാപ്പരാണെന്ന് തെളിഞ്ഞെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്കും രാഹുൽ ഗാന്ധിക്കും ഒരേ ഭാഷയെന്ന് ബിജെപി കുറ്റപ്പെടുത്തി. രണ്ട് പേർക്കും ഇന്ത്യാ വിരുദ്ധ നിലപാടാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ നിലപാടിൽ വിദേശകാര്യമന്ത്രാലയം പാകിസ്ഥാനെ പ്രതിഷേധം അറിയിക്കും.

ഭീകരവാദം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം. നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഇത്തരം പരമാർശങ്ങൾക്ക് മോദിയുടെ പ്രതിഛായയിൽ മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.

ബംഗ്ളാദേശിൽ പാകിസ്ഥാൻ നടത്തിയ വംശഹത്യയാണ് 1971ൽ ഇതേ ദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ കൂടുതൽ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തിനറിയാമെന്നും ഇന്ത്യ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *