5 ട്രങ്കുകൾ നിറയെ നോട്ട് കൂമ്പാരം; കൊൽക്കത്തയിലെ വ്യവസായിയിൽ നിന്ന് കോടികൾ പിടിച്ചെടുത്ത് ഇഡി
മൊബൈൽ ഗെയിമിംഗ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയക്കാരും, വ്യവസായികളും ഉൾപ്പെടെ നിരവധി പേർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. ശനിയാഴ്ച കൊൽക്കത്തയിലെ 6 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തി. പ്രമുഖ വ്യവസായി ആമിർ ഖാൻ്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 5 ട്രങ്കുകൾ നിറയെ പണം ഇഡി പിടിച്ചെടുത്തു.
വ്യവസായി ആമിർ ഖാന്റെ ഗാർഡൻ റീച്ചിലെ വസതിയിൽ നിന്നാണ് വൻ തോതിൽ പണം കണ്ടെത്തിയത്. 5 ട്രങ്കുകളിൽ നിന്നായി 17 കോടി പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ രാത്രി വൈകിയും തുടർന്നു. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ മണിക്കൂറുകൾ വേണ്ടി വന്നു. ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ഇഡി സെർച്ച് സംഘത്തോടൊപ്പമുണ്ടായിരുന്നു.
500, 2000 രൂപയുടെ നോട്ടുകളാണ് കൂടുതലും ഉണ്ടായിരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് റെയ്ഡുകൾ നടത്തിയത്. ആമിർ ഖാൻ ‘ഇ-നഗ്ഗറ്റ്‌സ്’ എന്ന മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇത് പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണെന്ന് ഇഡി അറിയിച്ചു.
ഈ കേസിൽ ചൈനയുമായി ബന്ധമുണ്ടോ എന്ന കോണും ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം, പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇക്കാര്യത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആരംഭിച്ചിട്ടുണ്ട്.