കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് ഇന്ന്
കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് ഇന്ന്. ശശിതരൂരും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിലാണ് മത്സരം. എ.ഐ.സി.സിയിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിൽ വോട്ടെടുപ്പ് നടക്കും.
200 വോട്ടർമാർക്ക് ഒരു ബൂത്ത് വീതം ആണ് ഒരുക്കിയിട്ടുള്ളത്. ഇപ്രകാരം രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകൾ പ്രവർത്തിയ്ക്കും. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ആണ് വോട്ടിംഗ്. 9,308 എ.ഐ.സി.സി അംഗങ്ങൾക്കാണ് വോട്ടവകാശം. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ആഗ്രഹിയ്ക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ ഇൻ്റു മാർക്ക് രേഖപ്പെട്ടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടേയും രണ്ടാമത് തരൂരിന്റെയും പേരാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐ.ഡി കാർഡുകൾ നല്കിയിട്ടുണ്ട്. വോട്ടർമാരുടെ വിരലിൽ മാർക്കർ പേനകൊണ്ട് വോട്ട് ചെയ്ത ശേഷം മഷിപുരട്ടും.
കർണ്ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാഹുൽ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാർത്ഥികൾക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാൻ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തിയാണ് എണ്ണുന്നത്.
2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസ്സിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്‌ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാഗാന്ധി ജയിച്ചു. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്‌ക്ക് വോട്ടു ചെയ്‌തത് 94 പേർ മാത്രം.