സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി മനോഹരമാക്കി ഇന്ത്യ ഗേറ്റ്
സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി മനോഹരമാക്കിയിരിക്കുകയാണ് ഡൽഹിയിലെ ഇന്ത്യ ഗേറ്റ്. ധീര സൈനികർക്കുള്ള സ്മാരകമായ ഡൽഹി ഇന്ത്യഗേറ്റിന് സമാനമായി മറ്റൊരു ഇന്ത്യ ഗേറ്റ് കൂടി രാജ്യത്തുണ്ട്. പഞ്ചാബിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപത്താണ് രാജ്യത്തിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിൽ കൂടി നിർമ്മിച്ചിരിക്കുന്ന ആ ഇന്ത്യ ഗേറ്റ് ഉള്ളത്.
പഞ്ചാബിൽ അമൃത്സർ-അട്ടാരി റോഡിനു നടുവിലാണ് രാജ്യത്തെ രണ്ടാമത്തെ ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. നാം, നമക്, നിഷാൻ എന്നീ മുദ്രാ വാക്യങ്ങളിൽ, പഞ്ചാബിന്റ യുദ്ധ വീര്യവും ത്യാഗവും അടയാളപ്പെടുത്തുന്നതാണ് ഈ നിർമ്മിതി. 1800 കളിലെ അഫ്ഗാൻ അധിനിവേശത്തിനെതിരെ ഉജ്വലമായി പോരാടിയ മഹാരാജ രഞ്ജിത്ത് സിങ്ങിന്റ പടത്തലവൻ ഷം സിങ് അട്ടാരിവാലയുടെ ജന്മ നാടാണ് ഈ സ്മാരകത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരേ സമയം രാജ്യത്തിലേക്കുള്ള പ്രവേശനകവാടവും, ധീര സൈനികർക്കുള്ള സ്മാരകവുമാണ് പഞ്ചാബിലെ ഇന്ത്യ ഗേറ്റ്. 12 കവാദങ്ങളുടെ നഗരമായി അറിയപ്പെടുന്ന അമൃത് സറിലെ ഈ പ്രൗഡമായ നിർമ്മിതിക്ക് വലിയ പാരമ്പര്യം അവകാശപ്പെടാൻ ഇല്ല. 2009 ൽ അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആണ് ഈ ഇന്ത്യ ഗേറ്റ് നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിന് സമർപ്പിച്ചത്.