വിതരണം ചെയ്തത് 200 കോടി ഡോസ് കൊവിഡ് വാക്‌സിന്‍; മോദിയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്
രാജ്യമെമ്പാടും 200 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊവിഡ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തമ്മില്‍ തുടരുന്ന മഹത്തരമായ പങ്കാളിത്തത്തിന് ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ 200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചതിന് അഭിനന്ദനങ്ങള്‍. കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഈ കൂട്ടായ പ്രവര്‍ത്തനത്തിന് നന്ദി. ബില്‍ഗേറ്റ്‌സ് ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ചയാണ് രാജ്യം 200 കോടി ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. മഹത്തായ നേട്ടം കൈവരിച്ച ശേഷം ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നത്. വാക്‌സിനേഷനായുള്ള ആഗോളയജ്ഞത്തെ ഇന്ത്യ ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.