പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബന്ധുക്കള്‍
പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുസ്തഫ ഷെയ്ഖ് എന്നയാളാണ് മാള്‍ഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ പഞ്ചായത്ത് പ്രധാന്‍ ആണ് കൊല്ലപ്പെട്ട മുസ്തഫ.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്തഫ ഷെയ്ഖിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. കാബിനറ്റ് മന്ത്രി സബീന യെസ്മിന്‍ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വ്യാപിക്കുകയാണ്.
മുസ്തഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും മാള്‍ഡ ജില്ലാ പൊലീസ് സൂപ്രണ്ടില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുകയാണ് ബംഗാളില്‍ വ്യാപക സംഘര്‍ഷം ഉണ്ടായത്. ഗവര്‍ണര്‍ സി വി ആനന്ദ ബോസ് സംഘര്‍ഷം ഉണ്ടായ പ്രദേശങ്ങളില്‍ ഇന്നും സന്ദര്‍ശനം നടത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സാഹിബ് ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫീസറുടെ ഓഫീസിനു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍, കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍, രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഒരു സിപിഐഎം പ്രവര്‍ത്തകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.പൊലീസ് നടത്തിയ റെയ്ഡിനിടെ ക്രൂഡ് ബോംബുകളും നാടന്‍ തോക്കുകളും വ്യാപകമായി കണ്ടെടുത്തു. ജൂലൈ എട്ടിനാണ് ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.