ടി.പി വധക്കേസ് പ്രതി കേരളത്തിലേക്ക് തോക്ക് കടത്തിയത് ഭരണത്തിന്റെ തണലില്‍; വിമര്‍ശിച്ച് കെ സുധാകരന്‍
ടി പി വധക്കേസ് പ്രതി കേരളത്തിലേക്ക് തോക്ക് കടത്തിയത് ഭരണത്തിന്റെ തണലിലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ടി പി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണ്. പ്രതി രജീഷിനെ കര്‍ണാടക പൊലീസ് ജയിലിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിക്കുന്ന സംഭവമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പന്ത്രണ്ട് സിപിഐഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിസും ടി പിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയവരിപ്പോഴും ഇരുട്ടിന്റെ മറവിലാണ്. സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യവും പിണറായി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കേരളത്തിലേക്ക് തോക്ക് കടത്തിയിട്ടും പിണറായി വിജയന്‍ അവരുടെ സംരക്ഷനായിട്ടിരിക്കുന്നത് പ്രതികളുമായുള്ള അഭേദ്യമായ ബന്ധം കൊണ്ടാണ് എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
കസ്റ്റഡിയിരിക്കെയാണ്, ബെംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസില്‍ കണ്ണൂര്‍ ജയിലിലെത്തി അന്വേഷണസംഘം രജീഷിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായാണ് രജീഷിനെ കസ്റ്റഡിയില്‍ എടുത്തത്.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ കിടന്നും കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങള്‍ കൊടിസുനി അടക്കമുള്ളവര്‍ക്കെതിരെയാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.