ബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി
ബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കുച്ച്ബിഹാറില്‍ ദിന്‍ഹട്ടയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പൊതു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ കേന്ദ്ര മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
അതിനിടെയാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറ് ഉണ്ടായത്. മന്ത്രി സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചു എന്നും അക്രമികളെ തടയാന്‍ നടപടി ഉണ്ടായില്ല എന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് ശേഷവും തൃണമൂല്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രദേശത്ത് ഏറ്റുമുട്ടി.