ദി കേരള സ്റ്റോറി കാണാന്‍ അനുവദിക്കണമെന്ന് ആവശ്യം; ബംഗാളില്‍ നിന്നുള്ള മുസ്ലീം വനിതകളുടെ കൂട്ടായ്മ സുപ്രിംകോടതിയില്‍
ദി കേരള സ്‌റ്റോറി സിനിമ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലീം മതസ്ഥരായ വനിതകളുടെ കൂട്ടായ്മ സുപ്രിംകോടതിയില്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച നടപടി മുന്‍ വിധിയോടെയാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലീം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റി ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ ചിത്രം നിരോധിച്ചതിനാല്‍ ചിത്രത്തെ വിലയിരുത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ചിത്രം പ്രദര്‍ശിപ്പിക്കാത്തതിനാല്‍ മതത്തിനെതിരായ ചിത്രമാണെന്ന വിമര്‍ശനം ഉള്‍പ്പെടെ വിലയിരുത്താനുള്ള അവകാശം ഇല്ലാതായെന്നാണ് മുസ്ലീം വിമെന്‍സ് റെസിസ്റ്റന്‍സ് കമ്മിറ്റിയുടെ വാദം. സിനിമ കണ്ട ശേഷം അതിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദി കേരള സ്റ്റോറി പശ്ചിമ ബംഗാളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനുമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മമത ബാനര്‍ജി പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ വിവിധ തിയേറ്ററുകളില്‍ നിന്നും വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിയിരുന്നു.