Tuesday, January 7, 2025
National

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ‘ദി കേരള സ്റ്റോറി’ പ്രചാരണായുധമാക്കി ബിജെപി; ദേശീയ അധ്യക്ഷനൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ഷണം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദി കേരള സ്റ്റോറി പ്രചാരണായുധമാക്കി ബിജെപി. ബെംഗളൂരുവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികളെ ക്ഷണിച്ചു. ഇന്ന് രാത്രി എട്ടരയുടെ സ്‌പെഷ്യല്‍ ഷോ കാണാനാണ് വിദ്യാര്‍ത്ഥിനികളെ ക്ഷണിച്ചിരിക്കുന്നത്. ഗരുഡാമാളിലാണ് പ്രദര്‍ശനം.

ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ‘കേരളത്തിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ‘ദി കേരള സ്റ്റോറി. നമ്മു െപെ
ണ്‍കുട്ടികള്‍ക്കായുള്ള സന്ദേശം അതിലുണ്ട്’. ട്വീറ്റില്‍ പറയുന്നു. 100 സീറ്റുകളാണ് ഉള്ളതെന്നും സിനിമ കാണാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തേജസ്വി സൂര്യട്വീറ്റ് ചെയ്തു.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’, കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വര്‍ഷത്തില്‍ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശര്‍മ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.

32,000 പെണ്‍കുട്ടികളെ മതം മാറ്റി ഐഎസില്‍ ചേര്‍ത്തു എന്ന അവകാശവാദം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്ലര്‍ വിവരണത്തില്‍ തിരുത്തുമായി നിര്‍മാതാക്കള്‍ രംഗത്തുവന്നു. 32,000 പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തു എന്നതിന് പകരം മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റി. ട്രെയ്ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ടീസര്‍ സമൂഹമാധ്യമങ്ങളില്‍ നീക്കാമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഈ മാസം അഞ്ചിനാണ് സിനിമ റിലീസായത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് ചിത്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *