തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടിസ്
അധ്യാപക നിയമന തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടിസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദ്ദേശം.
അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാനുള്ള കൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ നിലനിൽക്കേയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സിബിഐ നോട്ടിസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. ഉടൻ തന്നെ നിയമനടപടി സ്വീകരിച്ചേക്കും.
കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുകയാണെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. പരീക്ഷയിൽ പരാജയപ്പെട്ടവർ ജോലിക്കായി 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയെന്നാണ് ആരോപണം. 2014 മുതൽ 2022 കാലയളവിൽ നടന്ന അഴിമതിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ 100 കോടി രൂപ സമാഹരിച്ചതായി സിബിഐ പറയുന്നു.