Wednesday, January 8, 2025
National

മുംബൈ ലക്ഷ്യമാക്കി ലോങ്ങ് മാർച്ച്; പിന്നോട്ടില്ലെന്ന് കിസാൻ സഭ

മുംബൈ ലക്ഷ്യമായി നീങ്ങുന്ന ലോങ്ങ് മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി കിസാൻ സഭ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ നടപ്പാക്കണമെന്ന് കിസാൻ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ഉറപ്പുകൾ പാലിക്കാതെ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് കിസാൻ സഭ വ്യക്തമാക്കി.

മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ എന്നിവരുമായി കിസാൻ സഭാ പ്രതിനിധികൾ മുംബൈയിൽ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം ഉണ്ടായത്. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ യോഗത്തിലെ തീരുമാനങ്ങളുടെ മിനുട്സ് നിയമസഭയിൽ അവതരിപ്പിക്കുന്നതു വരെ കിസാൻ സഭ സർക്കാരിന്‌ സമയം നൽകി. സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയും അവ ഗ്രാമതലങ്ങളിൽ നടപ്പാക്കി തുടങ്ങുകയും വേണം.

അതുവരെ ലോങ്‌ മാർച്ച്‌ താനെ ജില്ലയിലെ വസിന്ദ്‌ ഗ്രാമത്തിൽ തുടരും. കർഷകരുടെ ആവശ്യങ്ങളിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ ലോങ് മാർച്ച് മുംബൈയിലേക്ക് നീങ്ങും. 10000ത്തോളം കർഷകനാണ് ലോങ്ങ് മാർച്ചിൽ അണിനിരക്കുന്നത്. സമ്പൂർണ കാർഷിക-വായ്പ എഴുതിത്തള്ളൽ, കാർഷകരുടെ എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളൽ, 12 മണിക്കൂർ വൈദ്യുതി വിതരണം, വാർദ്ധക്യകാല പെൻഷൻ വർധനവ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ സർക്കാറിന് മുന്നിൽ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *