കർണാടക ബജറ്റ് : ചെവിയിൽ പൂവച്ച് സിദ്ധരാമയ്യയും കോൺഗ്രസ് അംഗങ്ങളും; നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതെന്ന് സിദ്ധരാമയ്യ
കർണാടകയിലെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അംഗങ്ങളും എത്തിയത് ചെവിയിൽ പൂ വച്ച്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഭയിൽ പ്രതിപക്ഷം പൂ വച്ച് എത്തിയത്. ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ബജറ്റവതരണത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു.
3.09 ലക്ഷം കോടിയുടെ ബജറ്റാണ് ബസവരാജ ബൊമ്മൈ അവതരിപ്പിച്ചത്. ബംഗളൂരുവിൽ അടിക്കടിയുണ്ടാകുന്ന പ്രളയം നിയന്ത്രിക്കാൻ 3,000 കോടിയുടെ പദ്ധതിയടക്കം നിരവധി വികസന പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. അഗ്നിവീറാകാൻ സൗജന്യ കോച്ചിംഗ്, പ്രൊഫഷണൽ ടാക്‌സിൽ ഇളവ് തുടങ്ങി രാമക്ഷേത്ര നിർമാണം വരെ ബജറ്റിൽ ഇടംനേടി.
425 കോടി രൂപയാണ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഒപ്പം സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്കായി പുതിയ ബസ് സ്‌കീമും, ബംഗളൂരു നഗരത്തിൽ ഷീ-ടോയ്‌ലെറ്റുകളും പ്രഖ്യാപനത്തിലിടം നേടി.