‘സംഘപരിവാര്‍ അജണ്ടയില്‍ തെറ്റിദ്ധാരണ ഇല്ല’; ആര്‍എസ്എസുമായുള്ള ചര്‍ച്ചയെ ന്യായീകരിച്ച് ജമാഅത്തെ ഇസ്‌ലാമി
ആര്‍എസ്എസുമായുള്ള ചര്‍ച്ചയില്‍ ന്യായീകരണവുമായി ജമാഅത്തെ ഇസ്‌ലാമി. ശത്രുക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് വിഷയത്തില്‍ മാധ്യമം ദിനപത്രത്തിലുള്ള ലേഖനം. മഥുര-കാശി മസ്ജിദുകളിലെ അവകാശവാദവും ഗോഹത്യയുടെ പേരിലുള്ള അക്രമവും ചര്‍ച്ചയായി. രഹസ്യമായി നടത്തിയ ധാരണയല്ല. മറ്റ് മുസ്ലിം സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്നത് മോദിയുടെ മൂന്നാമൂഴമാണ്. ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത് മുസ്ലിം രാജ്യങ്ങളെ സമാശ്വസിപ്പിക്കലാകാമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാര്‍ അജണ്ടയില്‍ തെറ്റിദ്ധാരണ ഇല്ല. ആര്‍എസ്എസുമായി ഒത്തുതീര്‍പ്പിനുള്ള ഒരു ചര്‍ച്ചയോടും അനുകൂലമല്ല. സംഘടനാ ജനറല്‍ സെക്രട്ടറി ടി ആരിഫലി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ഒരു സംഘടനയുമായും സംസാരിക്കില്ലെന്ന സമീപനം ബുദ്ധിപൂര്‍വമല്ല. സംവാദങ്ങളുടെ വാതിലടയ്ക്കരുതെന്നാണ് ജമാഅത്തിന്റെ സുചിന്തിത നയമാണെന്നും ജമാഅത്തെ ഇസ്‌ലാമി മാധ്യമം ലേഖനത്തില്‍ പറയുന്നു.
ആര്‍എസ്എസുമായി ഉഭയകക്ഷി ചര്‍ച്ച നടന്നെന്ന തരത്തില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ടി. ആരിഫലി പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് പ്രതിനിധികളുമായി രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ശരിയാണ്. എന്നാല്‍ ഇന്ത്യന്‍ മുസ്ലിമുകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍എസ്എസിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഈ ചര്‍ച്ചയുമായി മുന്നോട്ട് കൊണ്ട് പോയതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ വച്ച് ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ചര്‍ച്ച നടത്തിയത്.