‘വിദേശ ശക്തികളുമായി മുമ്പും യുദ്ധം ചെയ്തിട്ടുണ്ട്, ഭാവിയിലും പോരാടും’; ജോർജ്ജ് സോറോസിന് മറുപടിയുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരെ വിമർശനം ഉന്നയിച്ച ശതകോടീശ്വരൻ ജോർജ്ജ് സോറസിനെതിരെ ബിജെപി. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആഹ്വാനം ചെയ്തു.
വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ്ജ് സോറോസ് ആഗ്രഹിക്കുന്നത്. മോദിയെപ്പോലുള്ള നേതാക്കളെ അട്ടിമറിക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കുന്നുണ്ടെന്ന് സോറോസിൻ്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്. ഇന്ത്യയുടെ ജനാധിപത്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികൾക്കെതിരെ രാജ്യം ഒന്നിച്ച് നിൽക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
സോറോസിന്റെ വിമർശനത്തെ ‘ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ നശിപ്പിക്കാനുള്ള പ്രഖ്യാപനം’ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ജോർജ് സോറോസിന് ഉചിതമായ മറുപടി നൽകാൻ ഓരോ ഇന്ത്യക്കാരനോടും അഭ്യർത്ഥിച്ചു. സോറോസിന്റെ തെറ്റായ ഉദ്ദേശ്യങ്ങൾക്ക് മുന്നിൽ സർക്കാർ തലകുനിക്കില്ല. രാജ്യം മുമ്പ് വിദേശ ശക്തികളുമായി യുദ്ധം ചെയ്തിട്ടുണ്ട്, ഭാവിയിലും പോരാടുമെന്നും സ്മൃതി പറഞ്ഞു.
അദാനിയുടെ വ്യാവസായിക സാമ്രാജ്യത്തിലെ തട്ടിപ്പും ഓഹരി കൃത്രിമവും സംബന്ധിച്ച ആരോപണങ്ങളിൽ വിദേശ നിക്ഷേപകരുടെയും പാർലമെന്റിന്റെയും ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകേണ്ടിവരുമെന്ന് സോറോസ് വിമർശിച്ചിരുന്നു. ഉറ്റ സഖ്യകക്ഷികളായിട്ടും അദാനി വിഷയത്തിൽ മോദി മൗനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജർമനിയിൽ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് വിമർശനം.