തവാങ് സംഘർഷത്തിൽ പാർലമെൻ്റ് ഇന്നും പ്രക്ഷുബ്‌ദം
തവാങ് സംഘർഷവിഷയത്തിലെ വാദപ്രതിവാദങ്ങൾ ഇന്നും പാർലമെന്റിനെ പ്രക്ഷുബ്ദമാക്കി. സർക്കാർ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ്സും ജനകീയ പ്രശ്നങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത് തടസ്സപ്പെടുത്തുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാരും കുറ്റപ്പെടുത്തി. അതിനെടെ രാജ്യസുരക്ഷാ വിഷയത്തിൽ ഏതറ്റംവരെ പോരാടാനും സേന തയ്യാറാണെന്ന് ഈസ്റ്റ് കമാൻഡ് പറഞ്ഞു.
തവാങ്ങിൽ സേനയെ കോൺഗ്രസ് ലക്ഷ്യമിടുന്നു എന്ന വാദം തള്ളിയായിരുന്നു വിഷയത്തിലെ പാർട്ടിയുടെ ഇന്നത്തെ അടിയന്തിരപ്രമേയ നീക്കം. മറ്റെല്ലാത്തിനും ഉപരി രാജ്യ സുരക്ഷാ വിഷയത്തിലെ പ്രധാന്യം സർക്കാർ ഉൾക്കൊള്ളണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റൂൾ 267 അനുസരിച്ച് നല്കിയ അടിയന്തര പ്രമേയ നോട്ടീസ് എന്നാൽ അവതരണാനുമതി ലഭിച്ചില്ല. കോൺഗ്രസ് ജനകീയ പ്രശ്നങ്ങളുടെ ചർച്ച പാർലമെന്റിൽ തടസ്സപ്പെടുത്തുകയാണെന്ന ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആരോപണം സഭയെ പ്രക്ഷുബ്ദമാക്കി.
അതിർത്തിയിലെ സുരക്ഷ വിഷയത്തിൽ വ്യാകുലത വേണ്ടെന്ന് ഇന്ന് ഇസ്റ്റേൺ കമാൻഡും വിശദികരിച്ചു. ആവശ്യമായ എല്ലാ മുൻ കരുതൽ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്നും തുടർന്നു. രണ്ടുദിവസമായി നടക്കുന്ന അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.