അദാനിയുമായി നേരിട്ട് വൈദ്യുതി വാങ്ങാൻ കരാർ; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ചെന്നിത്തല
അദാനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോർഡ് എടുത്തിട്ടുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് മറ്റൊരു കരാർ നേരിട്ട് തന്നെ കഴിഞ്ഞ മാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു
ഫെബ്രുവരി 15ന് നടന്ന ഫുൾടൈം ഡയറക്ടർ ബോർഡിന്റെ മിനുട്‌സിൽ അജണ്ട 47ൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. വല്ലഭന് പുല്ലും ആയുധമെന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സർക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.
സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിണറായിക്കെതിരായ ഒരു അന്വേഷണവും എവിടെയും എത്താത്തതിന്റെ പാലം അദാനിയാണ്. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകളെല്ലാം മുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു