രാജ്യത്തെ 60 ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നവിധം കൊവിഡ് വ്യാപനമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കൂടുതലുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ 65.5 ശതമാനവും മരണനിരക്കില്‍ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.