Saturday, October 19, 2024
National

ബാരാമുള്ള ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്‌ലംഗ മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സൈനിക നടപടി. ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.

പാക് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു അതിർത്തി കടക്കാനുള്ള ഇവരുടെ ശ്രമം. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റിൽ വെടിവയ്പ്പ് തുടരുന്നതിനാൽ മൂന്നാമന്റെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

സൈന്യം പ്രദേശം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി, തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.