ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്റ്റംബർ 30ന്
ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി സെപ്റ്റംബർ 30ന് വിധി പറയും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മസ്ജിദ് തകർക്കപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കാൻ പോകുന്നത്.
ലക്‌നൗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കേസിൽ സെപ്റ്റംബർ 30നുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗൂഢാലോചന കേസും ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്
അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺസിംഗ് തുടങ്ങി കേസിലെ 32 പ്രതികളും വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴിയാണ് ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തിയത്.