കര്‍ണാടക മന്ത്രിമാരെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഖാര്‍ഗെ; നേതൃത്വവുമായി കൂടിക്കാഴ്ച
കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ മാസം 21നാണ് കൂടിക്കാഴ്ച നടക്കുക. പാര്‍ട്ടി നേതൃത്വവുമായി വിവിധ വിഷയങ്ങള്‍ നടത്തുന്നതിനായാണ് മന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഒപ്പം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനെ കുറിച്ചും നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സംസ്ഥാനത്ത് നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെ കുറിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ കര്‍ണാടകയുടെ താത്പര്യങ്ങള്‍ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നിരവധി പേര്‍ ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.