Saturday, October 19, 2024
National

അതിഖ് അഹമ്മദിൻ്റെ കൊലപാതകം; പൊതുപരിപാടികളെല്ലാം ഒഴിവാക്കി മുഖ്യമന്ത്രി ആദിത്യനാഥ്

മുൻ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികളെല്ലാം ഒഴിവാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഇന്ന് പങ്കെടുക്കാനിരിക്കുന്ന എല്ലാ പൊതുപരിപാടികളും അദ്ദേഹം ഒഴിവാക്കി. സംഭവം മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു.

കൊലപാതകത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. സംസ്ഥാനത്തേക്ക് ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തിന്റ പേരിൽ ക്രമ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ തടയാണമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശം. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും കേന്ദ്രം വാഗ്ദാനം ചെയ്തു.

സംസ്ഥാനത്താകെ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരേയും അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. മുൻപ് കൊലചെയ്യപ്പെട്ട ഉമേഷ് പാലിന്റെ വസതിയ്ക്ക് മുന്നിൽ പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിഖ് അഹമ്മദിനെയും സഹോദരനേയും കൊലപ്പെടുത്തിയ മൂന്ന് അക്രമികളും പ്രയാഗ്‌രാജ് ജില്ലക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞദിവസവും മൂന്ന് അക്രമികളും സംഭവസ്ഥലത്ത് എത്തിയിരുന്നു.പ്രതികളെ എസ് ടി എഫ് വിശദമായി ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വൈദ്യചികിത്സയ്ക്കായി പ്രയാഗ്‌രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്. മകൻ അസദ് അഹമ്മദിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് മുൻ എംപി കൊല്ലപ്പെട്ടത്.

മൂന്ന് പേർ അതിഖിനും അഷ്‌റഫിനും നേരെ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയതായിരുന്നു അതിഖിനെ വെടിവെച്ചത്. വെടിയുതിർത്ത ശേഷം അക്രമികൾ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശ് പൊലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പൻ ഓപ്പറേഷനിൽ അസദ് മരിച്ചത്. മകന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു.

Leave a Reply

Your email address will not be published.