അതിഖ് അഹമ്മദ് കൊലപാതകം : കേന്ദ്രം റിപ്പോർട്ട് തേടി
മുൻ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്.
സംസ്ഥാനത്തേക്ക് ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തിന്റ പേരിൽ ക്രമ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ തടയാണമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശം. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും കേന്ദ്രം വാഗ്ദാനം ചെയ്തു.
ഇന്നലെ രാത്രിയാണ് മുൻ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് മരിക്കുന്നത്. ഇരുവരെയും വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. മകൻ അസദ് അഹമ്മദിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് മുൻ എംപി കൊല്ലപ്പെട്ടത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയതായിരുന്നു അതിഖിനെ വെടിവെച്ചത്. വെടിയുതിർത്ത ശേഷം അക്രമികൾ കീഴടങ്ങി.
സംസ്ഥാനത്താകെ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.