Saturday, April 12, 2025
National

സീരിയല്‍ താരം ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്.ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ചിത്രയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവര്‍ തന്നെയാണ് സംശയം ഉന്നയിച്ചത്.
മരണസമയത്ത് ഹേമന്ദും ചിത്രയ്‌ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാര്‍ത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സീരിയലില്‍ നായകന്‍മാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങള്‍ ചിത്ര ചെയ്യുന്നതില്‍ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്.
വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യന്‍ സ്റ്റോര്‍സ്’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമാണ് ചിത്ര. ‘സീരിയലില്‍ ചിത്ര ഉള്‍പ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല. അവര്‍ മരണപ്പെട്ട ദിവസം ഇയാള്‍ ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നു’. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്. ചിത്രയുടെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തികബാധ്യതകളും ഇതിന് കാരണമായി പറയുന്നുണ്ട്.
നസറത്ത്‌പേട്ടൈയിലുള്ള ഒരു ഹോട്ടലിലാണ് ചിത്ര ജീവനൊടുക്കിയത്. സീരിയല്‍ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവര്‍ ഇവിടെ ഹോട്ടലില്‍ താമസിച്ചിരുന്നത്.ഹേമന്തും ഒപ്പമുണ്ടായിരുന്നു.
ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരികെയെത്തിയത്. ഹേമന്തിന്റെ വാക്കുകള്‍ അനുസരിച്ച് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ താരം കുളിച്ച് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ സമയം ഒരുപാട് കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ വാതിലില്‍ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ചിത്രയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *