തമിഴ്നാട്ടിലെ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു
തമിഴ്നാട്ടിലെ ഈറോഡിൽ ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു. സർക്കാർ മിഡിൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈറോഡിലെ തിരുനഗർ കോളനിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എൽകെജി മുതൽ 8ആം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ അധ്യാപകരിൽ ഒരാൾ ക്ലാസിലെ എസി ഓൺ ചെയ്തു. ഉടൻ തന്നെ എസിയിൽ നിന്ന് പുക ഉയർന്നു. ഇതോടെ ക്ലാസിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. കുട്ടികൾ ക്ലാസിൽ നിന്ന് പുറത്തുപോയി അല്പസമയത്തിനു ശേഷം എസി പൊട്ടിത്തെറിക്കുകയായിരുന്നു.