സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം: അടുത്ത നാല് മാസത്തേക്ക് കൂടി മാസം തോറും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കുന്ന നൂറു പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം. 88 ലക്ഷം കുടുംബങ്ങൾക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്.
കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗൺ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സർക്കാർ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓണക്കാലത്തും സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങൾക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചു. കോവിഡ് – 19 തീർക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തിൽ നമ്മുടെ ജനതയെ താങ്ങി നിർത്താൻ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ വിഷമഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുക എന്നത് അവർ തെരഞ്ഞെടുത്ത സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമ്മളെ നയിക്കുന്നത്.