Thursday, January 9, 2025
National

വീട്ടിൽ നിന്നും അലർച്ചയും കരച്ചിലും; ജെസിബി ഉപയോഗിച്ച് കതക് പൊളിച്ച് പൊലീസ്, തമിഴ്നാട്ടിൽ നരബലിക്ക് ശ്രമമെന്ന് പരാതി

തമിഴ്നാട്ടിൽ നരബലിയ്ക്ക് ശ്രമമെന്ന് പരാതി. തിരുവണ്ണാമല ആറണിയിൽ ആറു പേർ അറസ്റ്റിൽ. മൂന്ന് ദിവസമായി കതകടച്ച് പൂജ പൊലീസെത്തിയിട്ടും കതക് തുറന്നില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് കതക് പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്.

എസ്.വി.നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നു അലർച്ചയും കരച്ചിലും കേട്ടതോടെ അയൽവാസികൾ ആറണി പൊലീസ് സ്റ്റേഷനിലും തഹസീൽദാരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ തസിൽദാരും പൊലീസും മുട്ടി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലർച്ചയും തുടരുകയും ചെയ്തു.

തുടർന്നു തഹസീൽദാർ ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തി. ഫയർ ഫോഴ്സ് വീടിന്റെ കതക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടയ്ക്ക് അകത്തേക്ക് വന്നാൽ കഴുത്തു മുറിച്ചു ഹോമകുണ്ഡത്തിനരികിൽ മരിച്ചു വീഴുമെന്നു വീട്ടുകാർ ഭീഷണി മുഴക്കി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. വീടിനുള്ളിൽ കയറിയ തഹസീൽദാരെയും പൊലീസുകാരെയും പൂജക്ക്‌ നേതൃത്വം നൽകിയ ആൾ ആക്രമിച്ചു.

പിടിച്ചു മാറ്റുന്നതിനിടെ കടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്നു വീട്ടുടമ തരമണി ഭാര്യ കാമക്ഷി മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ, മറ്റൊരു മകൻ ബാലാജി മകൾ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം വീടടച്ചിട്ടുള്ള പൂജ എന്തിനായിരുന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൃഗബലി അടക്കം നടന്നതിന്റെ സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. സ്വയം ബലി നൽകുമെന്ന ഭീഷണിയെ കുറിച്ചും പൊലീസ് തിരക്കുന്നുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *