കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽകെട്ടിത്തൂക്കി; കൈത്തണ്ട മുറിച്ചുമാറ്റിയ നിലയിൽ
സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.