Tuesday, January 7, 2025
Kerala

പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാന്‍ ചിലവാക്കിയത് വൻ തുക; ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ

 

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിന്നാലെ ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തിൽ. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് പൈസ കൈപ്പറ്റാനാണ് ശ്രമിച്ചിരിക്കുന്നത്.

ഇതിന് പുറമേ 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. യോഗത്തിൽ എതിർപ്പുയർന്നതോടെ കൂടുതൽ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ജമീലാ ശ്രീധരൻ നിർദേശിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഭക്തര്‍ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. എന്നിട്ടും നഗരം വൃത്തിയാക്കാന്‍ എന്നപേരിൽ കോർപ്പറേഷൻ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു. വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടർ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ മുൻകൂർ അനുമതി നൽകിയത് അഴിമതിയാണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *