Wednesday, January 1, 2025
National

നവാബ് മാലിക്കിനെതിരെ മാനനഷ്ട കേസുമായി സമീർ വാങ്കഡെ

എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീർ വാങ്കഡെ. എസ്‌സി-എസ്ടി ആക്‌ട് പ്രകാരം മുംബൈയിലെ ഗോരേഗാവ് പൊലീസ് സ്‌റ്റേഷനിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് വാങ്കഡെ സർക്കാർ ജോലി നേടിയതെന്ന് മാലിക്ക് ആരോപിച്ചിരുന്നു.

എസ്‌സി-എസ്‌ടി കമ്മീഷനിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് വാങ്കഡെ പരാതി നൽകിയത്. അന്വേഷണത്തിൽ ഐആർഎസ് ഉദ്യോഗസ്ഥനായ വാങ്കഡെ ജന്മനാ മുസ്ലീം ആയിരുന്നില്ലെന്നും, പട്ടികജാതി വിഭാഗത്തിൽ പെടുന്ന മഹർ ജാതിയിൽ പെട്ടയാളാണെന്നും സ്ഥിരീകരിച്ചു. വാങ്കഡെയും പിതാവ് ഗ്യാൻദേവ് വാങ്കഡെയും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.

ജാതി അവകാശവാദം, ജാതി സർട്ടിഫിക്കറ്റിലെ മതം എന്നിവ സംബന്ധിച്ച് നവാബ് മാലിക് ഉൾപ്പെടെയുള്ളവർ നൽകിയ പരാതികളിൽ കഴമ്പില്ലെന്നും, ഇതേ തുടർന്നാണ് പരാതികൾ തള്ളുന്നതെന്നും ഉത്തരവിൽ പറയുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവാബ് മാലിക്, മനോജ് സൻസരെ, അശോക് കാംബ്ലെ, സഞ്ജയ് കാംബ്ലെ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പരാതി നൽകിയിരുന്നത്.

എന്തായാലും ഡി കമ്പനിയുടെ വസ്തു അനധികൃതമായി വാങ്ങിയതിനും, കള്ളപ്പണം വെളുപ്പിച്ചതിനും ജയിലിൽ കഴിയുന്ന നവാബ് മാലികിന് ഇത് കൂടുതൽ തലവേദനയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *