വേനൽച്ചൂടിൽ കിലോമീറ്ററുകൾ നടന്ന ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ ഗർഭിണിയായ ആദിവാസി യുവതി സൂര്യാഘാതമേറ്റ് മരിച്ചു. വേനൽച്ചൂടിൽ കിലോമീറ്ററുകൾ നടന്ന് ആശുപത്രിയിലെത്തി മടങ്ങിയ ഇരുപത്തിയൊന്നുകാരി, ആരോഗ്യനില വഷളായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. പാൽഘറിലെ ഒസാർ വീര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
ഒമ്പത് മാസം ഗർഭിണിയായ യുവതി ചുട്ടുപൊള്ളുന്ന വെയിലിൽ 3.5 കിലോമീറ്റർ നടന്ന് ഗ്രാമത്തിൽ നിന്ന് അടുത്തുള്ള ഹൈവേയിൽ എത്തി. ഇവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുന്നത്. പരിശോധനയ്ക്ക് ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. യുവതി വീണ്ടും ഹൈവേയിൽ നിന്ന് വീട്ടിലേക്ക് 3.5 കിലോമീറ്റർ കൂടി നടന്നു. ആകെ 7 കിലോമീറ്റർ ആശുപത്രിയിലേക്കും തിരിച്ചും യുവതി നടന്നിട്ടുണ്ട്.
വൈകുന്നേരത്തോടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ യുവതിയെ കാസ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിക്കുകയും, ഇരുപത്തിയൊന്നുകാരി അർദ്ധ-കൊമോർബിഡ് അവസ്ഥയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ വിദഗ്ധ ചികിത്സക്കായി ദുന്ദൽവാഡിയിലുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ യാത്രാമധ്യേ യുവതി മരിക്കുകയും ഗര്ഭപിണ്ഡവും നഷ്‌ടപ്പെടുകയും ചെയ്‌തതായി ഡോക്ടർ അറിയിച്ചു.