മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം; ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല, നിലപാടിലുറച്ച് ഡി.കെ.ശിവകുമാര്‍
കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ നിലപാടിലുറച്ച് ഡി .കെ.ശിവകുമാര്‍. ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഡി.കെ വ്യക്തമാക്കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ജനം തിരിച്ചും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
പിറന്നാൾ ദിനത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിപദം സമ്മാനമായി നൽകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം.
എന്നാൽ കര്‍ണാടക മുഖ്യന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇന്ന് രാത്രിയോടെ അന്തിമ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുള്ള പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം . വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് സൂചന.
ഇതിനിടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായി ഓരോ എംഎല്‍എമാരും നിര്‍ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം.
ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ ഞായറാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.
നിരീക്ഷകര്‍ സമാഹരിച്ച എംഎല്‍എമാരുടെ വോട്ടുകള്‍ഹൈക്കമാന്‍ഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവരുടെ മുന്നില്‍ വെച്ച ശേഷം ചര്‍ച്ചകള്‍ നടത്തും.
ഇതിന് ശേഷമായിരിക്കും ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും നേതൃത്വം ഔദ്യോഗികമായി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുക. ക്ഷണിച്ചാലുടന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.