‘മനുഷ്യബന്ധത്തെക്കുറിച്ചുള്ള ധാരണ വർധിച്ചിട്ടും സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നു’; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഇന്ത്യയിൽ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയും വിദ്യാഭ്യാസ യോഗ്യതയും വർധിച്ചിട്ടുണ്ട്. എന്നാൽ പ്രായമോ ജാതിയോ മതമോ നോക്കാതെ സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനം നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഗുരുഗ്രാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് ഒരു സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് അലോക് ജെയിൻ ബെഞ്ചിൻ്റെ പരാമർശം. വേർപിരിഞ്ഞ മരുമകളെ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കാൻ അനുവദിച്ച വിധിക്കെതിരെ ഹർവീന്ദർ കൗർ എന്ന സ്ത്രീയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2016 ഒക്ടോബറിലാണ് ഹർവീന്ദർ കൗറിന്റെ മകനെ യുവതി വിവാഹം ചെയുന്നത്. വിവാഹത്തിൽ ഒരു മകൻ ജനിച്ചു. കൂടുതൽ വൈദ്യസഹായവും പരിചരണവും ആവശ്യമുള്ള ഒരു പ്രത്യേക കുട്ടിയാണ് മകൻ. ഇതോടെ ഭർത്താവും അമ്മയും ചേർന്ന് യുവതിയെ ഇറക്കി വിട്ടു. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും.