Thursday, January 9, 2025
National

മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്തു: കേന്ദ്രം

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനയിലെ 436 പേർ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022ൽ 135 പേരും 2021ൽ 157 പേരും 2020ൽ 144 പേരും ആത്മഹത്യ ചെയ്‌തതായി അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ആത്മഹത്യ തടയുന്നതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി റായ് വ്യക്തമാക്കി.

കേന്ദ്ര സായുധ പൊലീസ് സേനയിൽ ആകെ അനുവദിച്ച തസ്തികകളുടെ എണ്ണം 10,05,520 ആണെന്നും 2023 ജനുവരി 01 വരെയുള്ള ഒഴിവുകൾ 84,866 ആണെന്നും രാജ്യസഭയിൽ റായ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും അസം റൈഫിൾസിലും 84,000-ത്തിലധികം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഡാറ്റ അനുസരിച്ച്, 01-01-2023 വരെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും അസം റൈഫിൾസിലും ആകെ 10,05,520 തസ്തികകൾ അനുവദിച്ചിട്ടുണ്ട്.

ഇതിൽ 84,866 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സിആർപിഎഫിൽ 29,283, ബിഎസ്എഫിൽ 19,987, സിഐഎസ്എഫിൽ 19,475, എസ്എസ്ബിയിൽ 8,273, അസം റൈഫിൾസിൽ 3,706, ഐടിബിപിയിൽ 4,142 എന്നിങ്ങനെയാണ് ഒഴിവുകൾ. വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ ബറ്റാലിയനുകളുടെ രൂപീകരണം, പുതിയ തസ്തികകൾ സൃഷ്ടിക്കൽ തുടങ്ങിയവ മൂലമാണ് സിഎപിഎഫുകളിൽ ഒഴിവുകൾ ഉണ്ടാകുന്നതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ 31,785 പേരെ സിഎപിഎഫിൽ നിയമിച്ചതായി അദ്ദേഹം രാജ്യസഭയെ അറിയിച്ചു. മറുവശത്ത് കേന്ദ്ര സായുധ പൊലീസ് സേനകളിൽ ആകെ 247 ഡോക്ടർമാരുടെയും 2354 നഴ്സുമാരുടെയും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *