ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടി; മുൻ ഐപിഎൽ താരം പിടിയിൽ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ പേരിൽ പണം തട്ടിയ മുൻ ഐപിഎൽ താരം പിടിയിൽ. സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ മുൻ താരമായ നാഗരാജു ബുദുമുരുവാണ് പിടിയിലായത്. ആന്ധ്ര പ്രദേശ്, സൺറൈസേഴ്സ് ഹൈദരാബാദ് താരം റിക്കി ഭുയിയ്ക്ക് സ്പോൺസർഷിപ്പ് എന്ന പേരിൽ ഒരു ഇലക്ടോണിക്സ് കമ്പനിയിൽ നിന്നും ഇയാൾ 12 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ജഗൻമോഹൻ റെഡ്ഡിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
റിക്കി ഭുയിയെ സ്പോൺസർ ചെയ്യണമെന്നാവശ്യപ്പെട്ട് നാഗരാജു കമ്പനിയെ സമീപിച്ചു. സ്പോൺസർഷിപ്പ് ഏറ്റെടുത്ത കമ്പനി നാഗരാജുവിൻ്റെ അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപ കൈമാറി. പിന്നീട് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കമ്പനി പൊലീസിൽ പരാതിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുത്തിയ പൊലീസ് നാഗരാജു നടത്തിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി. പലരിൽ നിന്നായി മൂന്ന് കോടിയോളം രൂപ നാഗരാജു ഇത്തരത്തിൽ തട്ടിയെടുത്തു എന്ന് പൊലീസ് പറയുന്നു. ഇതിൽ ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
ആന്ധ്രാപ്രദേശ് രഞ്ജി ടീമിൽ കളിച്ചിട്ടുള്ള നാഗരാജു 2018ലാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നത്.