‘എന്തും നടക്കുന്ന കാലമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നത്’; വി.ഡി സതീശൻ
എം ശിവശങ്കറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിലൂടെ ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്. എന്തും നടക്കുന്ന ഒരു കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടയിരുന്നു. പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം പിണറായി വിജയന് ഉണ്ടെന്നും വി.ഡി സതീശൻ എറണാകുളത്ത് പറഞ്ഞു.
സത്യം ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് മുഴുവൻ അഴിമതിയും നടന്നിരിക്കുന്നത്. ആദ്യം സ്വർണ്ണക്കള്ളക്കടത്തിലും ഇപ്പോൾ അഴിമതി കേസിലുമായി രണ്ടു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരം ഉണ്ടായിരുന്ന ആളെ അറസ്റ്റ് ചെയുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് ജനങ്ങളോട് മറുപടി പറഞ്ഞാൽ മതിയാവില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പ്രതികരിക്കണം.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഒന്നും ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷണത്തെ എന്തിന് എതിർക്കുന്നു? പിണറായി വിജയൻ സിബിഐ അന്വേഷണത്തെ ഭയക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇത്തരം കോഴ കേസിലെ പ്രതികളെ സർക്കാർ രക്ഷിക്കുന്നത്. സംസ്ഥാനത്തെ സിപിഐഎം സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കേസ് അന്വേഷണം ഇഴയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഒരു ഘട്ടത്തിൽ അന്വേഷണം മരവിപ്പിച്ചു. അന്വേഷണവുമായി മുന്നോട്ടു പോയാൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തുവരണമെന്നും വി.ഡി സതീശൻ പറഞ്ഞു.