ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ
ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ജോഷിമഠിൽ നിന്നും ഓലിയിലേക്കുള്ള റോപ് വേ യുടെ ടവറിന്റ അടിത്തറയിൽ ഗുരുതമായ വിള്ളൽ കണ്ടെത്തി. ഇതോടെ റോപ് വേയുടെ പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചു.
223 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നഗരത്തിലെ ഹോട്ടലുകളിൽ പുതിയ വിള്ളലുകൾ കണ്ടെത്തുന്നത് രക്ഷ പ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.വിള്ളൽ കണ്ടെത്തിയ വീടുകളിൽ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിൽ സമീപ പ്രദേശങ്ങളിലുള്ള ജനജീവിതങ്ങളെ കൂടി പ്രതി സന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞിൽ പുതഞ്ഞ താഴ്‌വാരം കാണാൻ ആയിരക്കണക്കിന് സഞ്ചരികൾ എത്താറുള്ള ഓലി ഈ സീസണിൽ ഏറെ കുറെ വിജനമാണ്. ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്.
നവംബർ മുതൽ ഓലിയിലെ ടൂറിസ്റ്റ് സീസൺ ആരംഭിക്കും. ഏത് തരം സഞ്ചരികൾക്കും ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഓലി. മഞ്ഞിലൂടെയുള്ള ട്രാക്കിങ്ങും, സ്‌കൈയിങ്ങും,കുതിര സവാരിയും, യാക് സവാരിയും എല്ലാം ഓലിയിൽ ആസ്വദിക്കാം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യന്ന മനുഷ്യ നിർമ്മിത തടാകവും ഇവിടെയാണ്.
സാധാരണ ഈ മാസങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് സഞ്ചരികളാണ് ഓലിയിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഇവിടെയുള്ളത് നാമമാത്രമായ സഞ്ചരികൾ. ഭൗമപ്രതിഭാസത്തിന്റെ ആശങ്ക തന്നെയാണ് സഞ്ചാരികളെ അകറ്റിയത്. വിനോദ സഞ്ചാരത്തെ ആശ്രയിച്ചു ജീവിക്കുന്ന ഇവിടത്തെ കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്.