Saturday, April 12, 2025
National

ഇന്ന് കർഷകർ ജയ്‌പുർ ദേശീയപാതയിൽ ഉപരോധ സമരം നടത്തും

ഡൽഹി: സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ, കർഷകസംഘടനകൾ എന്നിവർ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജയ്‌പുർ ദേശീയപാത ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്‌പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള കർഷകരുടെ മാർച്ച് ഹരിയാണ അതിർത്തിയിൽ തടഞ്ഞതോടെയാണിത്. തങ്ങളെ ഡൽഹിയിലേക്കു യാത്രചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ഉപരോധം അവസാനിപ്പിക്കാമെന്ന് കർഷകർ നിലപാടെടുത്തു. ചർച്ചയെത്തുടർന്ന് ഇതുവഴി ഭാഗികമായി ഗതാഗതം അനുവദിച്ചു.ഇതുവരെ, ഉത്തർപ്രദേശ്, ഹരിയാണ അതിർത്തികൾ സ്തംഭിപ്പിച്ച കർഷകസംഘടനകൾ സമരം കൂടുതൽ അതിർത്തികളിലേക്കു വ്യാപിപ്പിക്കുകയാണ്. ഡൽഹി-ആഗ്ര അതിർത്തിയും സ്തംഭിപ്പിച്ചേക്കും.

ജയ്‌പുർ-ഡൽഹി അതിർത്തിയിലെ ഷാജഹാൻപുരിൽ നടന്ന പ്രക്ഷോഭത്തിൽ എൻ.ഡി.എ. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയിലെ എം.പി. ഹനുമാൻ ബേനിവാൾ പങ്കെടുത്തതും ശ്രദ്ധേയമായി. കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ. മുന്നണി വിടുമെന്ന് നേരത്തേ ബേനിവാൾ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി സംഘടനകളും വിദ്യാർഥികളും വനിതകളുമൊക്കെ തിങ്കളാഴ്ച സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഡൽഹിയിലെ ഐ.ടി.ഒ.യ്ക്കു സമീപം ഷഹീദ് പാർക്കിൽ തൊഴിലാളി സംഘടനകളും മറ്റും ഐക്യദാർഢ്യപ്രതിഷേധം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *