വയനാട്ടിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും
സർക്കാർ നിയമനങ്ങളിൽ വയനാട് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു നവംബർ 27ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും.PSC വഴിയുള്ള നിയമനങ്ങളിൽ സർക്കാർ വയനാട് ജില്ലയിലെ യുവജനങ്ങളെ തഴയുകയാണെന്ന് LGS റാങ്ക് ഹോൾഡർമാർ പറയുന്നു. നിരവധി പരീക്ഷകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ നിയമനങ്ങളുടെ വിഷയത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. കാലാവധി കഴിയാൻ വെറും 6 മാസം മാത്രമുള്ള 1780 പേരുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെയും വെറും 183 നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്. 2012 -15 ൽ 494 ലും 2015 -18 ൽ 371 നിയമനങ്ങളും നടന്നിടത്താണ് പകുതിപോലും നിയമനമില്ലാത്ത അവസ്ഥയുള്ളത്. നിയമനങ്ങളില്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മാത്രമായി PSC പരീക്ഷകൾ നടത്തുന്നത് കോച്ചിങ് സെൻറ്ററുകൾക്ക് ലാഭമുണ്ടാവാൻ മാത്രമായി കാണാനേ സാധിക്കൂ . തുച്ഛമായ ആനുകൂല്യങ്ങൾ നൽകി ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിക്കുന്ന സർക്കാർ എന്നാൽ സ്ഥിരം ജോലി എന്ന അവകാശം നിഷേധിക്കുകയാണ്. വേണ്ടപ്പെട്ടവരെ ഭീമമായ തുക ശമ്പളം നൽകി താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോൾ സാധാരണക്കാരായ ഉദ്യോഗാർഥികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് റാങ്ക് ലിസ്റ്റുകളിൽ ഉൾപെട്ടവരുടെ മാത്രം പ്രശ്നമല്ല. ഇതേ നില തുടരുകയാണെങ്കിൽ നിലവിൽ പരീക്ഷകൾക്കായി പഠിക്കുന്നവരും നാളെ റാങ്ക് ലിസ്റ്റുകളിൽ ഉൾപെട്ടാൽ പോലും നിയമനമില്ലാതെ തൊഴിൽരഹിതരായി തുടരേണ്ടിവരും. ഈ സാഹചര്യത്തിലാണ് LGS റാങ്ക് ഹോൾഡർമാർ സൂചന സമരത്തിനിറങ്ങുന്നത്. ഈ മാസം അവസാനത്തിനു മുൻപായി നിയമനങ്ങൾ നടത്തുവാൻ സർക്കാർ തയാറാകാത്തപക്ഷം റാങ്ക് ലിസ്റ്റുകളിലെ നിയമനക്കുറവും യുവജനങ്ങളോടുള്ള സർക്കാർ സമീപനം തുറന്നു കാണിക്കുന്നതിനുമായി ഡിസംബർ ഒന്നാം തിയതി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ റിലേ ഉപവാസ സമരം തുടങ്ങുമെന്നും ഉദ്യോഗാർഥികൾ അറിയിക്കുന്നു.