ഒരു വർഷത്തിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഒരു വർഷത്തിലേറെയായി ഇവർ തടങ്കലിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മെഹബൂബയെ മോചിപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് മുന്നോടിയായിട്ടായിരുന്നു നടപടി.
മെഹബൂബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിരുന്നു. ഒക്ടോബർ 16ാം തീയതി മെഹബൂബ വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. മെഹബൂബ മോചിതയായതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഒമർ അബ്ദുള്ളയെ എട്ട് മാസം തടങ്കലിലാക്കിയിരുന്നു.