‘ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക വാരണാസിയിൽ മത്സരിക്കണം, ഉറപ്പായും ജയിക്കും’; ശിവസേന നേതാവ്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ഉറപ്പായും വിജയിക്കുമെന്ന് റാവത്ത് അവകാശപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പാണ്. വാരാണസിക്കാർക്ക് പ്രിയങ്കയെ വേണം. റായ്ബറേലി, വാരാണസി, അമേഠി എന്നിവയിലെ പോരാട്ടം ബിജെപിക്ക് കഠിനമാകുമെന്നും റാവത്ത്. ശരദ് പവാർ-അജിത് പവാർ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്താമെങ്കിൽ എന്തുകൊണ്ട് ശരദ് പവാറിനും അജിത് പവാറിനും ആയിക്കൂടാ?’ – ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയെന്ന ഊഹാപോഹങ്ങളെ കുറിച്ച് സംസാരിക്കവെ റാവത്ത് പറഞ്ഞു. ‘ശരദ് പവാറും അജിത് പവാറും കണ്ടുമുട്ടിയതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. ശരദ് പവാർ ഉടൻ ഇതിനെക്കുറിച്ച് സംസാരിക്കും. ഇന്ത്യാ ബ്ലോക്ക് മീറ്റിംഗിലേക്ക് ശരദ് പവാർ അജിത് പവാറിനെ ക്ഷണിച്ചുവെന്ന് ഞാൻ കരുതുന്നു’ – റാവത്ത് കൂട്ടിച്ചേത്തു.