സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഗവർണർ
75 -ാം സ്വാതന്ത്ര്യദിന സന്ദേശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ നേർന്നത്. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അന്തസും ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലമാണ്. പ്രവർത്തികൾ നാടിൻറെ പുരോഗത്തിക്ക് വേണ്ടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാ പൗരർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്.
സ്വാതന്ത്രത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓർക്കാം. ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെ ‘- ഗവർണർ ആശംസിച്ചു.