Thursday, October 17, 2024
National

മോദി ദേശീയ നേതാവ്; കര്‍ണാടക ബിജെപി തോൽവിയുടെ ഉത്തരവാദിത്തമേൽക്കേണ്ടതില്ലെന്ന് ബസവ രാജ ബൊമ്മെ

ബംഗ്ലൂരു : കർണാടകയിലെ തോൽവിയുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കില്ലെന്ന് കാവൽ മുഖ്യമന്ത്രിയായ ബസവ രാജ ബൊമ്മെ. തോൽവിയുടെ പേരിൽ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ ഖട്ടിൽ രാജിവെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അഴിച്ചുപണി ഉറപ്പാണെന്നാണ് വിവരം.

നരേന്ദ്രമോദിയും കോൺഗ്രസ് സംസ്ഥാന നേതൃത്വവും തമ്മിലുള്ള നേർക്കുനേർ പോരാണ് കർണാടകയിൽ പ്രചാരണ കാലത്ത് ദൃശ്യമായത്. ബിജെപി നേരിട്ട കനത്ത തോൽവിയുടെ ഭാരവും നരേന്ദ്ര മോദി ഏൽക്കേണ്ടി വരില്ലേയെന്ന ചോദ്യവും ഇതിനോടകം ഉയ‍ര്‍ന്നു. എന്നാൽ തോൽവിയുടെ ഉത്തരവാദിത്തം മോദിക്കില്ലെന്നാണ് ബസവ രാജ ബൊമ്മെ പ്രതികരിച്ചത്. മോദി ദേശീയ നേതാവാണ്. തോൽവിയുടെ ഉത്തരവാദിത്വം മോദിക്കില്ല. കനത്ത തോൽവിയിൽ സംഘടന തലത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും സംസ്ഥാന അധ്യക്ഷന്റെ കസേര ഭദ്രമാണെന്നാണ് ബൊമ്മെ പറയുന്നത്.

നളിൻ കുമാർ ഖട്ടിലും ബസവരാജ് ബൊമ്മയും ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ബി എൽ സന്തോഷ് അടക്കം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആദ്യാവസാനം രൂപീകരിച്ച നേതാക്കൾക്ക് നേരെ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നുണ്ട്. യെദിയൂരപ്പ അടക്കം ലിംഗായത്ത് നേതാക്കളെ ഈ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്താനുളള തീരുമാനം അമ്പേ പരാജയപ്പെട്ടതായാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ആ സമുദായത്തിൽ നിന്നൊരാൾ വേണമെന്നാണ് ഉയരുന്ന ആവശ്യം. ലിംഗായത്ത് മാത്രമല്ല വിവിധ സമുദായങ്ങളിൽ നിന്ന് ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നാണ് ബസരാജ് ബൊമ്മേ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തോൽവിയുടെ കാരണം ഭരണ വിരുദ്ധ വികാരം മാത്രമല്ല എന്നും വിശദമായി പഠിച്ച ശേഷം പരിഹാര ക്രിയ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.