കൊവിഡ് ക്ലസ്റ്ററായി കുംഭമേള; രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്
കുംഭമേളയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്നാനിൽ ഒരു ലക്ഷത്തോളം ആളുകൾ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവർ ഒരുമിച്ച് കൂടിയത്. വിശ്വാസികൾക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറിൽ ഉണ്ട്.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകൾ ഉണ്ടെങ്കിലും അതൊന്നും പലരും പാലിക്കുന്നില്ലെന്നാണ് വിവരം. കുംഭമേളയിൽ ഉയർത്തിയിരിക്കുന്ന പോസ്റ്ററുകളിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമാണെന്ന് വിശ്വാസികൾ പറയുന്നു.