Tuesday, January 7, 2025
National

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പങ്കെടുത്തത്.

മെയ് നാലിന് നടക്കാനിരിക്കുന്ന സിബിഎസ്ഇ 10, 12 പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരടക്കം നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രംഗത്തെത്തിയിരുന്നു.

ഓഫ് ലൈനായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷാത്തീയതികൾ ഫെബ്രുവരിയിൽ കൊവിഡ് നിയന്ത്രണത്തിലായ ഘട്ടത്തിലായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് മാത്രം രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 1.84 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഇന്‍റേണൽ അസസ്മെന്‍റ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടനയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കുട്ടികളും, ബഹുഭൂരിപക്ഷം അധ്യാപകരും ഇപ്പോഴും വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വൻ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നുള്ള കണ്ടെത്തലിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *