‘അദാനി വിവാദത്തില്‍ മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ല’; നിലപാട് വ്യക്തമാക്കി അമിത് ഷാ
ദില്ലി: അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ല. ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.