ആർഎസ്എസും ബിജെപിയും നാടിന്റെ മുക്കിലും മൂലയിലും വിദ്വേഷം പരത്തി’; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല. അദ്ദേഹം ഇതുവരെ മണിപ്പൂരിൽ എത്താത്തത് അപമാനകരമാണെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിൻ്റെ രാഷ്ട്രീയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൌബാലിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭരണ സംവിധാനമാകെ തകർന്ന നാടായി മണിപ്പൂർ മാറി. ആർഎസ്എസും ബിജെപിയും നാടിന്റെ മുക്കിലും മൂലയിലും വരെ വിദ്വേഷം പരത്തി. മണിപ്പൂരിന് നഷ്ടപ്പെട്ട മൂല്ല്യങ്ങളെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും,” രാഹുൽ പറഞ്ഞു. രാജ്യം അനീതിയുടെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പത്ത് കുറച്ച് ആളുകൾക്ക് മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും രാഹുൽ പരാമർശിച്ചു. ഭാരത് ജോഡോ യാത്രയിൽ ജനങ്ങളോട് പറയാനല്ല, ജനങ്ങളെ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പരത്തുകയാണ് ലക്ഷ്യമെന്നും രാഹുൽ. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുലിന് ദേശീയ പതാക കൈമാറിയാണ് യാത്രയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.
നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘മണിപ്പൂർ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തിന്‍റെ നാനാ തുറയിൽപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിയുടെത് ഏകാധിപത്യ മനോഭാവമാണ്’- ഖാർഗെ കൂട്ടിച്ചേർത്തു.