അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നീതിതേടി ഡല്‍ഹിയില്‍ എസ് ഐ ആയ ഭാര്യ
അഭിഭാഷകനായ ഭര്‍ത്താവ് തന്നെ വീടിന് പുറത്തുവച്ച് പട്ടാപ്പകല്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയുമില്ലെന്ന് കാട്ടി പരാതിയുമായി ഡല്‍ഹി പൊലീസ് എസ് ഐ ആയ ഭാര്യ. ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പൊലീസ് ഉദ്യോഗസ്ഥ പുറത്തുവിട്ടു. ക്രൂരമര്‍ദനത്തിന് ശേഷം ഇപ്പോഴും ഭര്‍ത്താവ് സ്വതന്ത്രനായി പുറത്തിറങ്ങി നടക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഉള്‍പ്പെടെ ടാഗ് ചെയ്താണ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്.
ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥയായ ഡോളി തിവാതിയയാണ് ഭര്‍ത്താവും അഭിഭാഷകനുമായ തരുണ്‍ ദബാസിനെതിരെ പരാതി ഉന്നയിച്ചത്. വാഹനമിടിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തര്‍ക്കത്തിനിടെ ഉദ്യോഗസ്ഥയെ ഭര്‍ത്താവ് മര്‍ദിക്കുകയായിരുന്നുമെന്നും ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്.
നിലവില്‍ ഈ ഉദ്യോഗസ്ഥ പ്രസവാവധിയിലാണ്. ഭര്‍ത്താവ് നിരന്തരം തന്നെ അപമാനിക്കാറും ആക്രമിക്കാറുമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ട്. ഇപ്പോള്‍ മൂന്നുമാസമായി താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ സെക്ഷന്‍ 323,341,427,506 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്.